1992 മുതല്‍ യുണൈറ്റഡ്നേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3 ഭിന്നശേഷി ദിനമായി ആചരിച്ചുവരുന്നു. ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി അത്തരം ആളുകള്‍ക്ക് സമൂഹത്തില്‍ മാന്യതയും അവകാശങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഭിന്നശേഷി ദിനം ആചരിച്ചു വരുന്നത്. ഇതിനായി ബോധവത്കരണവും നടത്തി വരുന്നു. 2007 മുതലാണ് ഈ ദിനത്തെ അന്തര്‍ദേശീയ ദിനമായി ആചരിച്ചു വരുന്നത്. ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രശ്നങ്ങളിലേക്ക് ഊന്നല്‍ നല്‍കിയാണ് ഈ ദിനം ആചരിച്ചു വരുന്നത്.
ഈ വര്‍ഷം സംസ്ഥാന ടൂറിസം വകുപ്പ് കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഭിന്നശേഷി സൗഹാര്ദ്ദമാക്കുവാനുള്ള തീരുമാനത്തിലെത്തി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 9 കോടി നീക്കിവെച്ചിരിക്കുന്നു. 14 ജില്ലകളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ടൂറിസ്റ്റ് സാധ്യതകള്‍ ഭിന്നശേഷിക്കാര്‍ക്കും പ്രയോജനമാകും വിധം പ്രത്യേകം പരിപാടികളും ഏര്‍പ്പെടുത്തും. ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേകം ശുചിമുറി സൗകര്യങ്ങള്‍, വീല്‍ചെയര്‍ എത്തുവാനുള്ള സൗകര്യം, കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ബ്രെയിന്‍ ലിപിയിലുള്ള നോട്ടീസുകളും പ്രസിദ്ധീകരണങ്ങളും എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആലപ്പുഴ ജില്ലയില്‍ ഇതിനായി 60 ലക്ഷം രൂപയുടെ പരിപാടികളാണ് നടപ്പിലാക്കുന്നത്.