കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായിരുന്ന പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
പൊലീസ് സേവനം ഉപേക്ഷിച്ചാണ് മുരാരി ബാബു ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചത്. 1994-ൽ പൊലീസിൽ ജോലി ലഭിച്ച അദ്ദേഹം കോൺസ്റ്റബിളായി കണ്ണൂരിൽ പരിശീലനത്തിന് ചേർന്നെങ്കിലും പരിശീലനം പൂർത്തിയാക്കിയില്ല. തുടർന്ന് 1997-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജീവനക്കാരനായി സേവനം ആരംഭിച്ചു. പിന്നീട് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം ലഭിച്ചു.
ദേവസ്വം ബോർഡിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന മുരാരി ബാബു വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്പെഷൽ ഓഫീസർ' തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം അറസ്റ്റിലാവുകയും 90 ദിവസത്തിന് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു.










































































