മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നീ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ സാങ്കേതിക തടസം നേരിട്ടതായി റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ഔട്ടേജ് നിരീക്ഷണ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയത്. ലോഗിൻ ചെയ്യാൻ കഴിയാതിരിക്കുക, ആപ്പുകൾ പ്രവർത്തിക്കാതിരിക്കുക, വെബ്‌സൈറ്റുകൾ ലഭ്യമാകാതിരിക്കുക, സന്ദേശങ്ങൾ അയക്കുന്നതിലും ഫീഡുകൾ ലോഡ് ചെയ്യുന്നതിലും തടസം നേരിടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തത്.
വാട്സാപ്പിനെ അപേക്ഷിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ ഉയർന്നത്. മൊബൈൽ ആപ്പുകളിലും വെബ് പതിപ്പുകളിലും ഒരുപോലെ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ഉപയോക്താക്കൾ അറിയിച്ചു.
ഡൗൺഡിറ്റക്ടർ കണക്കുകൾ പ്രകാരം അമേരിക്കയിൽ ഫേസ്ബുക്ക് സേവന തകരാർ സംബന്ധിച്ച പരാതികൾ ഒരു ഘട്ടത്തിൽ 1.09 ലക്ഷത്തിലധികമായി ഉയർന്നു. ഇതിൽ 56 ശതമാനം പേർ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും 27 ശതമാനം പേർ ലോഗിൻ തടസങ്ങളും 10 ശതമാനം പേർ വെബ്‌സൈറ്റ് ലഭ്യതാ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഫേസ്ബുക്ക് തകരാർ സംബന്ധിച്ച പരാതികൾ ആയിരത്തിലധികം രേഖപ്പെടുത്തി. 49 ശതമാനം ഉപയോക്താക്കൾ ആപ്പിന്റെ പ്രവർത്തന തകരാറുകളും 30 ശതമാനം പേർ ലോഗിൻ പ്രശ്നങ്ങളും 12 ശതമാനം പേർ സെർവർ കണക്ഷൻ തടസങ്ങളും നേരിട്ടതായി റിപ്പോർട്ടുണ്ട്.
തകരാറിന്റെ കാരണം സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൂചന. സേവനങ്ങൾ പൂർണമായും സാധാരണ നിലയിലാകുന്നത് വരെ ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്.











































































