കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥിനികൾക്ക് ലഭിക്കുന്ന സൗജന്യ യാത്രാ ആനുകൂല്യം വിദ്യാർഥികളായ ആൺകുട്ടികൾക്കും വ്യാപിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹമാണെന്നും അതിന്റെ ഭാഗമായി വിദ്യാർഥിനികൾക്കും യാത്രാസൗജന്യം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളായ ആൺകുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കാത്തത് വിവേചനപരമാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് ലിംഗഭേദമില്ലാതെ തുല്യമായ പരിഗണന നൽകേണ്ടതുണ്ടെന്നും സൗജന്യ യാത്രാ പദ്ധതിയുടെ ഗുണഫലം എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കിടയിൽ തുല്യത ഉറപ്പാക്കുന്ന രീതിയിൽ നിലവിലെ നയത്തിൽ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.




































































