തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബുധനാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി അധികാരമേറ്റ് ആഴ്ചകള്‍ക്കു ശേഷമാണ് ഈ നിര്‍ണായക കൂടിക്കാഴ്ച നടന്നത്. നടനും രാഷ്ട്രീയ നേതാവുമായ വിജയിയും മോദിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം ഏകദേശം 12 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും നേര്‍ക്കുനേര്‍ ചര്‍ച്ച നടന്നത്.
ദേശീയ തലസ്ഥാനത്തെ സേവാ തീര്‍ത്ഥത്തില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 25 മിനിറ്റ് നീണ്ടു. കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്ടിലെ പുതിയ നേതൃത്വത്തിനുമിടയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ് ഡല്‍ഹിയിലെ തമിഴ്നാട് ഹൗസിലെത്തി. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനമായതിനാല്‍ അദ്ദേഹത്തിന് ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ട് നേടി അധികാരം ഉറപ്പിച്ച ശേഷമാണ് വിജയിയുടെ ഡല്‍ഹി സന്ദര്‍ശനം. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്, സിപിഐ, സിപിഐ(എം), വിസികെ, ഐയുഎംഎല്‍ അംഗങ്ങളുടെ പിന്തുണയോടെ വിജയ് വിശ്വാസവോട്ടും നേടി.
വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ വിജയ് സര്‍ക്കാരിന് അനുകൂലമായി 144 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 22 എംഎല്‍എമാര്‍ എതിര്‍ത്തു. അഞ്ച് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, 25 എഐഎഡിഎംകെ എംഎല്‍എമാര്‍ വിമതരായി സര്‍ക്കാരിനെ പിന്തുണച്ചത് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി.
ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായും വിജയ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ഇടതുപക്ഷ നേതാക്കളും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിനിധികളും തമിഴ്നാട് ഹൗസില്‍ വിജയിയെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.










































































