തിരുവനന്തപുരം: സംസ്ഥാന സർക്കാർ ദേവസ്വം ബോർഡുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ദേവാരണ്യം പദ്ധതിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 10,000 വൃക്ഷത്തൈകൾ ലഭ്യമാക്കാൻ വനംവകുപ്പും ദേവസ്വം ബോർഡും തമ്മിൽ ധാരണയായി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1,252 ക്ഷേത്രങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനായാണ് സോഷ്യൽ ഫോറസ്ട്രി പദ്ധതിയിലൂടെ 10,000 വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. പദ്ധതിക്കായി ആകെ 15,000 വൃക്ഷത്തൈകളാണ് ആവശ്യമായി വരുന്നത്. ഇതിൽ 5,000 വൃക്ഷത്തൈകൾ ഗ്രീൻ കേരള മിഷൻ മുഖേന ലഭ്യമാക്കും.
പമ്പയിലെ ശബരിമല ഫെസ്റ്റിവൽ ഓഫീസിൽ നടന്ന ചർച്ചയിലാണ് വൃക്ഷത്തൈകൾ നൽകുന്നതുമായി ബന്ധപ്പെട്ട ധാരണയായത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് അംഗം അഡ്വ. കെ. രാജു, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ക്ഷേത്ര പരിസരങ്ങളിൽ ഹരിതാവരണം വർധിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്നിവയാണ് ദേവാരണ്യം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വൃക്ഷത്തൈകളുടെ വിതരണം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് അധികൃതർ അറിയിച്ചു.




































































