കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ആശ്വാസവാര്‍ത്ത. യുവതിയെ മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി.
യുവതി തന്നെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് താനെയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും ബന്ധുക്കളും താനെയിലേക്ക് തിരിച്ചു.
പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഡോക്ടറെ കാണാനാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് പുറത്തുപോയ ശേഷം തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു.
പരീക്ഷാ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ആദ്യം യുവതി കണ്ണൂരിലേക്ക് പോയിരിക്കാമെന്നായിരുന്നു സംശയം. ഇതിനിടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയെ മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. കൂടുതല്‍ നടപടികള്‍ക്കായി പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
































































