ന്യൂഡൽഹി: അഞ്ച് വർഷം നീണ്ടുനിന്ന വിവാഹമോചന കേസിന് കോടതിമുറിയിൽ തന്നെ അപ്രതീക്ഷിതവും വികാരനിർഭരവുമായ പര്യവസാനം. വിവാഹമോചന ഹർജിയുടെ പകർപ്പുകൾ കീറിയെറിഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ യുവതിയുടെ നടപടി കോടതിയിലുണ്ടായിരുന്നവരെ ഒന്നടങ്കം അമ്പരപ്പിച്ചു.
2020-ൽ വിവാഹിതരായ ശിഖയും സൗരഭും പിന്നീട് കുടുംബപ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും മൂലം വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും കോടതിയെ സമീപിക്കുകയും വിവാഹമോചന കേസ് അഞ്ച് വർഷത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. തുടർച്ചയായ നിയമപോരാട്ടം ഇരുകുടുംബങ്ങളെയും മാനസികമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.
ഇതിനിടെ കേസിന്റെ ചെലവുകൾക്കായി ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവൻ ചെലവാകുകയും അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സർക്കാർ ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിഞ്ഞ സൗരഭ് എല്ലാ പിണക്കങ്ങളും മാറ്റിവെച്ച് സഹായഹസ്തവുമായി എത്തി. സ്വന്തം മുൻകൈയിൽ ഭാര്യാപിതാവിനെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
സൗരഭിന്റെ ഈ പ്രവർത്തി ശിഖയുടെയും കുടുംബത്തിന്റെയും മനസ്സിൽ വലിയ സ്വാധീനം ചെലുത്തി. തുടർന്ന് വിവാഹമോചന കേസിന്റെ അടുത്ത വാദത്തിനായി ഇരുവരും കോടതിയിൽ ഹാജരായപ്പോൾ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്.
വാദങ്ങൾക്കിടെ ജഡ്ജി വിവാഹമോചനം സംബന്ധിച്ച് ചോദിച്ചപ്പോൾ സൗരഭ് ശിഖയെ നോക്കി പുഞ്ചിരിച്ചു. ആ നിമിഷം വികാരാധീനയായ ശിഖ കൈവശമുണ്ടായിരുന്ന വിവാഹമോചന ഹർജിയുടെ പകർപ്പുകൾ കീറിയെറിഞ്ഞ് ഭർത്താവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇരുവരും പരസ്പരം ചേർന്നു കരയുന്ന കാഴ്ച കോടതിമുറിയെ നിശബ്ദമാക്കി.
നിയമപരമായി വേർപിരിയേണ്ട ദിനം ഒടുവിൽ ഇരുവരുടെയും ജീവിതത്തിൽ പുതിയൊരു തുടക്കത്തിനാണ് വഴിവെച്ചത്. വർഷങ്ങളായുള്ള തർക്കങ്ങളും കോടതിവാദങ്ങളും സാധിക്കാത്തത് ഒരു കരുണാപൂർണ പ്രവർത്തിയിലൂടെ സാധ്യമായെന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത.








































































